
കോഴിക്കോട്: ദേശീയ പതാക ജനങ്ങളുടെ ഹൃദയത്തിൽ കലർന്നതാണെന്നും അതിലെ ത്രിവർണ്ണ നിറം രാജ്യത്തിന്റെ നിറമാണെന്നും ആർക്കും അത് മാറ്റാൻ സാധിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മുൻ ഗവർണറെ താലോലിക്കാനും ഇപ്പോഴത്തെ ഗവർണർക്ക് ചുവന്ന പരവതാനി വിരിക്കാനും പോയവരാണ് ഇപ്പോൾ തിരുത്താൻ നിർബന്ധിതമായിരിക്കുന്നതെന്നും, ഇപ്പോൾ തെരുവിൽ നടക്കുന്നത് നാടകമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഗവർണർക്കെതിരെ യു.ഡി.എഫ് നിയമസഭയിൽ പ്രതികരിച്ചപ്പോൾ ഗവർണറെ സംരക്ഷിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെ സ്വീകരിച്ചതെന്നും, ഭരണഘടനാ സ്ഥാപനമായ രാജ്ഭവനെ രാഷ്ട്രീയവത്കരിക്കരുതെന്ന നിലപാട് കോൺഗ്രസ് വ്യക്തമാക്കിയതാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
കൂടാതെ, കണ്ണൂർ കായലോട് ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ എല്ലാ പ്രതികളെയും പോലീസ് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുടുംബത്തിന്റെ പരാതിക്ക് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർക്കും നിയമം കൈയിലെടുക്കാൻ അവകാശമില്ലെന്നും സംഘടനകൾ അണികളെ നല്ലതിനായി നിലകൊള്ളാൻ പരിശീലിപ്പിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.











